“OUTSTANDING YOUTH CLUB AWARD 2022-23” തൊടുപുഴ സോക്കർ സ്കൂളിന് ലഭിച്ചു.
ഇടുക്കി : നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ തലത്തിൽ നല്കപ്പെടുന്ന “OUTSTANDING YOUTH CLUB AWARD 2022-23” തൊടുപുഴ സോക്കർ സ്കൂളിന് ലഭിച്ചു. കേന്ദ്ര യുവജന കാര്യാലയം ഓരോ ജില്ലയിലും സാമൂഹിക ഉന്നമനവുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെയാണ് ഈ അവാർഡിന് പരിഗണിക്കുന്നത്.
സോക്കർ സ്കൂൾ കായിക പരിശീലനം എന്ന മാധ്യമത്തിലൂടെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള മനുഷ്യരിലേക്കും സേവനത്തിന്റെ വാതിലുകൾ തുറന്നു കൊണ്ട് പുതുതലമുറയെ സമൂഹത്തിനു ഉപകാരപ്പെടുന്നവരായി പരിവർത്തനം ചെയ്യുകയാണ്. രക്തദാനം, ലഹരിമുക്ത ക്യാമ്പയിനുകൾ, ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളുടെ കായിക മേഖലയിലെ പങ്കാളിത്തവും, അവരുടെ വ്യായാമ — മാനസികോല്ലാസ ക്യാമ്പയിനുകളും, കൃഷിയിലൂടെ സാമൂഹിക പങ്കാളിത്തം, ഗ്രന്ഥശാല പ്രവർത്തനം തുടങ്ങി എല്ലാ സാമൂഹിക സേവന മേഖലകളിലും സോക്കർ സ്കൂൾ പുതുതലമുറയെ പങ്കെടുപ്പിക്കുന്നു.
ഒപ്പം സമൂഹത്തിൻ്റെ നാനാ തലത്തിൽ ഉള്ള സിനിമാ-കലാ- സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ, ഡോക്ടർമാർ, നിയമജ്ഞർ, നിയമ പാലകർ, വ്യാപാരികൾ, പൊതു പ്രവർത്തകർ എല്ലാവരും ഒരുമിക്കുന്ന ഇടമായി സോക്കർ സ്കൂൾ മാറിയിരിക്കുന്നു. സമൂഹത്തിൽ മുന്നോട്ട് വരാൻ സാധിക്കാത്ത ആദിവാസി വിഭാഗങ്ങളിലെ അടക്കം കുട്ടികളെ കായിക പരിശീലനം എന്ന മാധ്യമത്തിലൂടെ കണ്ടെത്തുകയും, അവർക്ക് താമസിക്കുവാനും പഠിക്കുവാനുമുള്ള എല്ലാ സാഹചര്യങ്ങൾ ഒരുക്കുകയും, മറ്റുള്ള കുട്ടികളോടൊപ്പം ഒരേ നിലവാരത്തിലേക്കു അവരെ കൈപിടിച്ച് ഉയർത്തുവാനും സോക്കർ സ്കൂൾ പ്രയത്നിക്കുന്നു.
25000/രൂപയും ഫലകവുമാണ് അവാർഡ്. ഇടുക്കി കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ വച്ച് ജില്ലാ കളക്ടർ ഷീബ ജോർജിൽ നിന്നും സോക്കർ സ്കൂൾ ഭാരവാഹികളായ പി എ സലിംകുട്ടി, അമൽ വി ആർ, രാഹുൽ എസ്, ഷിനോസ്, അഭിജിത്ത് ഡയസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർ, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സച്ചിൻ എച്ച് എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.