തെരഞ്ഞെടുപ്പ് ആവേശമാക്കാൻ കാൽപന്ത് മാമാങ്കം
തൊടുപുഴ കാൽപന്ത് കളി യിലെ ഇളം കുരുന്നുകളുടെ പാഠശാലയായ തൊടുപുഴ Soccer School മൈതാനത്തെ മണൽ തരികൾക്ക് ചൂടുപിടിച്ച നിമിഷങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പ് ആവേശത്തിൽ കലക്ടേഴ്സ് ഇലവനും ഇടുക്കി ജില്ലാ പൊലിസ് ടീമും മാറ്റുരച്ചപ്പോൾ കാണികൾക്ക് കളിയാവേശത്തിന്റെ ഉത്സവ ലഹരി.
നാൽപത് മിനിട്ട് നീണ്ട കനത്ത പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജില്ലാ പൊലിസ് ടീം കലക്ടേഴ്സ് ഇലവനെ പരാജയപ്പെടുത്തി. പൊലിസ് ടീമിന് വേണ്ടി പ്രവീൺ, ഗഫൂർ എന്നിവർ ഗോളുകൾ നേടി. കലക്ടേഴ്സ് ഇലവന് വേണ്ടി എം.കെ ആഷിക് ഗോളടിച്ചു.
വോട്ടേഴ്സ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരമാണ് ആവേശത്തിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങൾ കാണികൾക്ക് സമ്മാനിച്ചത്. ദേശീയ താരവും പ്രമുഖ അത്ലറ്റുമായ സജീഷ് ജോസഫ് മത്സരം കിക്ക് ഓഫ് ചെയ്തു. ജില്ലാ കലക്ടർ ഷീബാ ജോർജ്, ജില്ലാ പൊലിസ്മേധാവി ടി.കെ.വി പ്രദീപ്,സബ് കലക്ടർ ഡോ അരുൺ എസ് നായർ, ഇടുക്കി എ ആർ ഒ യും ഡെപ്യൂട്ടി കലക്ടറുമായ കെ. മനോജ്, സ്വീ പ് നോഡൽ ഓഫിസർ ലിബു ലോറൻസ്, തൊടുപുഴ സോക്കർ സ്കൂൾ ഡയരക്ടർ പി.എ സലീംകുട്ടി തുടങ്ങിയവർ പങ്കെടുത്തു.ജേതാക്കൾക്കുള്ള ട്രോഫി ജില്ലാ കലക്ടർ ഷീബ ജോർജും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജില്ലാ പൊലിസ്മേധാവി ടി .കെ വിഷ്ണുപ്രദീപും സമ്മാനിച്ചു.