ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍ അനുശോചിച്ചു.
തൊടുപുഴ: ഫുട്‌ബോള്‍ രാജാവ് പെലെയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂളില്‍ അനുശോചനയോഗം നടത്തി.കായിക താരങ്ങളും പരിശീലകരും യോഗത്തില്‍ പങ്കെടുത്തു. സോക്കര്‍ സ്‌കൂളില്‍ അടുത്ത മുന്ന് ദിവസം ദുഃഖാചരണമാണെന്ന് ഡയറക്ടര്‍ സലിംകുട്ടി പറഞ്ഞു.
പെലെ ഒരു കാലമാണ്, അതിനാണ് ഫൈനല്‍ വിസില്‍ വീഴുന്നത്.ആധുനിക ഫുട്ബാളില്‍ ഇന്നുകാണുന്ന മികവുകളുടെ എല്ലാം ഉപജ്ഞാതാവ്, കളികൊണ്ടു നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കളിക്കാരെല്ലാം പെലെയുടെ പിന്‍ഗാമികള്‍ മാത്രമാണ്.തന്റെ രാജ്യത്തെ മാത്രമല്ല, ലോകത്തെ മുഴുവനും ഫുട്ബാളിനു മുന്നില്‍ പിടിച്ചിരുത്തിയ പ്രതിഭ. തന്റെ തലമുറയെ മാത്രമല്ല, വരാനിരിക്കുന്ന തലമുറകളെയും ഫുട്‌ബോളിലേക്കു ആവാഹിച്ചു .1950 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഫൈനലില്‍ ഉറുഗ്വേയോടു തോറ്റപ്പോള്‍ ഒരിക്കല്‍ ഞാന്‍ ബ്രസീലിനെ ലോകകപ്പണിയിക്കും എന്നു കണ്ണുനിറഞ്ഞുനിന്ന ക്ലബ് ഫുട്‌ബോളറായ അപ്പനു ഒന്‍പതുവയസ്സുകാരന്‍ പെലെ വാക്കുകൊടുത്തു. മൂന്നുലോകകപ്പുകള്‍ നേടി ആ വാക്കിനെ മൂന്നുതവണ പാലിച്ച പെലെ!
ബ്രസീല്‍ ആരാധകരുടെ വംശം ആരംഭിക്കുന്നത് പെലെയില്‍ നിന്നുമാണ്; അവരുടെ തലതൊട്ടപ്പന്‍. ഗാലറികളില്‍ കാനറികളുടെ മഞ്ഞക്കടലിലേക്ക് അവരെ ജ്ഞാനസ്‌നാനം ചെയ്ത കാല്പന്തിന്റെ മന്ത്രവാദി. പെലെ തൊടുത്തുവിട്ട ഇഷ്ടമാണ് ബ്രസീല്‍ ആരാധകരുടെ ഇടനെഞ്ചില്‍ ഇപ്പോഴും മിടിക്കുന്നത്.
മൂന്നു തലമുറകള്‍ക്കു മുന്‍പു വരെ അടിമകളായിരുന്ന ട്രേസ് കൊറാസേവസിലെ ഒരു വീട്ടില്‍ നിന്നും കാറ്റിനുപകരം ശ്വാസംനിറച്ച പന്തുമായിട്ടാണ് എഡ്‌സണ്‍ ആരന്റസ് ഡോ നാസിമെന്റോ എന്ന കുട്ടി മൈതാനത്തേക്കു വന്നത്. ആ നീണ്ടപ്പേരിനെ കാലം കാച്ചിക്കുറുക്കി പെലെ എന്നുവിളിച്ചു.മഹത്തായ അങ്ങനെയൊരു കാലത്തിനു അറുതി ആവുന്നു, ഇനി ഓര്‍മകളിലെ നിലയ്ക്കാത്ത കടലിരമ്പം.
ദേശിയ താരങ്ങളായ അഞ്ജലി ജോസ് രാഹുല്‍ എസ്, പി എ സലിംകുട്ടി, അമല്‍ വി ആര്‍, അഭിഷേക് ടി എസ്, ആല്‍വന്‍ സണ്ണി, ഷെറിന്‍ സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്കി