Sports And Games Welfare Association (SAGWA)

കാൽപ്പന്ത് കളിയുടെ വിശാല ലോകത്തേയ്ക്ക് ഇനി ഇടുക്കിയിലെ കാടിന്റെ മക്കളും

ബൂട്ട് കെട്ടി കാൽപ്പന്ത് കളിയുടെ സ്വപ്ന ലോകത്തേക്ക് കാടിൻ്റെ മക്കൾ; കൈ പിടിച്ച് നടത്താൻ മുൻ സന്തോഷ് ട്രോഫി താരം

തൊടുപുഴ: തങ്ങളുടെ കുടികളുടെ ഗോൾ വലയ്ക്കുള്ളിൽ നിൽക്കുന്ന സ്വപ്നങ്ങൾ മാത്രം കണ്ടു ശീലിച്ച ആദിവാസി കുട്ടികൾക്ക് ഇനി കാൽപ്പന്ത് കളിയുടെ വിശാല ലോകത്തേയ്ക്ക് ഒരു ഫ്രീ കിക്കിന്റെ കരുത്തോടെ കുതിച്ച് കയറാം. കേരളത്തിനും, രാജ്യത്തിനും വേണ്ടി ജഴ്‌സിയണിഞ്ഞ് ഫുട്‌ബോൾ മൈതാനത്ത് നിൽക്കുന്ന ആ നിമിഷവും മനസ്സിൽ കണ്ട് കാടിന്റെ മക്കളും കളത്തിലിറങ്ങി. ഇടുക്കിയിലെ ആദിവാസി മേഖലകളായ ചിന്നപ്പാറക്കുടി, കൊരങ്ങാട്ടി, ഒഴുവത്തടം, മറയൂർ കുടികളിൽ നിന്നുളള ഗ്യാനേഷ്, സിജു, രാഹുൽ, ആൽബിൻ, ദിനേഷ് കുമാർ എന്നിവരാണ് തൊടുപുഴ സോക്കർ സ്‌കൂളിന്റെ മൈതാനത്ത് ആ സ്വപ്നത്തിലേക്ക് ബൂട്ടുകെട്ടി പരിശീലനത്തിനിറങ്ങുന്നത്.

അതിന് കാരണക്കാരാകുന്നത് ഇടുക്കി ജനമൈത്രി എക്‌സൈസ് വകുപ്പും, മുൻ സന്തോഷ് ട്രോഫി താരം സലിംകുട്ടിയും. ആദിവാസി മേഖലയിൽ നിന്നും പ്രൊഫഷണൽ ഫുട്‌ബോളിന്റെ ലോകത്തേക്കുള്ള ചുവടുവയ്പ്പ് ഒരു സ്വപ്നം പോലെയാണെന്നാണ് അവർ അഞ്ചു പേർക്കും പറയാനുള്ളത്. ഇവിടുത്തെ പരിശീലനം കൂടുതൽ അവസരങ്ങളിലേക്ക് വഴി തുറക്കുമെന്നും, തങ്ങളെ പിന്തുടർന്ന് ആദിവാസി സമൂഹത്തിൽ നിന്ന് കൂടുതൽ പേർ ഫുട്‌ബോൾ ലോകത്തെത്തുമെന്നും അവർക്ക് പ്രതീക്ഷക്കുന്നു.

ആദിവാസി സമൂഹത്തിൽ നിന്നും പ്രതിഭകളെ കണ്ടെത്തുക

ആദിവാസി സമൂഹത്തിൽ നിന്ന് പ്രതിഭകളെ കണ്ടെത്തി അവർക്ക് ഫുട്‌ബോൾ പരിശീലനം നൽകാനുള്ള ഇവരുടെ ശ്രമമാണ് ഈ സ്വപ്നത്തിലേക്ക് വഴി തുറക്കുന്നത്. ഒരു പക്ഷേ ഇതിനായുള്ള കേരളത്തിലെ തന്നെ ആദ്യ ഉദ്യമമാകും ഇത്. ആദിവാസി മേഖലകളിൽ നിരന്തരം ഇടപെടുന്ന ദേവികുളം ജനമൈത്രി എക്‌സൈസ് സി.ഐ സി.കെ സുനിൽ രാജിനോട് ഇക്കാര്യം പങ്കുവച്ചത് വഴിത്തിരിവായി. ഹൈറേഞ്ചിൽ നിരന്തരം ക്യാമ്പ് സംഘടിപ്പിക്കാനും, കുട്ടികളെ പുറം ലോകത്തെത്തിക്കാനും എക്‌സൈസ് വകുപ്പ് സഹായങ്ങളുമായി കൂടെ നിന്നു.

സോക്കർ സ്‌കൂളും സലിം കുട്ടിയും

  • ജനമൈത്രി എക്സൈസ് വകുപ്പുമായി ചേർന്നാണ് പദ്ധതി.
  • വിദ്യാർഥികളെ നയിക്കാൻ മുൻ സന്തോഷ് ട്രോഫി താരം സലിംകുട്ടിയും.
  • പുതിയ അവസരങ്ങൾ നൽകുമെന്ന് വിശ്വസിക്കുന്നതായി കുട്ടികൾ
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന കേന്ദ്രം കൂടിയായി തിരഞ്ഞെടുക്കപ്പെട്ട സോക്കർ സ്‌കൂളിനായി പ്രതിഭകളെ കണ്ടെത്താനുള്ള യാത്രക്കിടെ ഒരിക്കൽ ആദിവാസി കുട്ടികളുടെ കാൽപ്പന്തുകളി സലിംകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ അസാധാരണമായ കായിക ക്ഷമത കണ്ടാണ് ഈ മേഖലയിലുള്ളവരെ പ്രൊഫഷണൽ ഫുട്‌ബോളിന്റെ ലോകത്തേക്ക് നയിക്കാനുള്ള ആശയം മനസിൽ കയറിപ്പറ്റിയത്. ഇവിടെ കളി അതിനപ്പുറം കാര്യം കൂടിയാണ്. ഒരു കായിക താരത്തെക്കാളുപരി സമൂഹത്തിനുപകരിക്കുന്ന ഒരു മനുഷ്യനെ വാർത്തെടുക്കലാണ് ലക്ഷ്യമെന്ന് പരിശീലകനായ സലിം കുട്ടി പറയുന്നു. രക്തദാനസേനയും ആംബുലൻസ്, സ്‌പോർട്‌സ് ആയൂർവേദ ആശുപത്രിയുമൊക്കൊയായി പൊതുനന്മയിലൂന്നിയുള്ള പ്രവർത്തനങ്ങളെല്ലാം ചേർത്തെടുക്കുമ്പോൾ ഇവിടെ കളിയല്ല കാര്യമാണ് പലതും.

പരിശീലനവും പഠനവും

വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത മുന്നുറോളം കുട്ടികളിൽ നിന്നും മികവ് തെളിയിച്ച അഞ്ചു പേരെ തിരഞ്ഞെടുത്തു. അവരുടെ പഠനവും താമസവും ഭക്ഷണവുമെല്ലാം സോക്കർ സ്‌കൂൾ എറ്റെടുത്തു. തൊടുപുഴ മടക്കത്താനത്തുള്ള സ്‌കൂൾ മൈതാനത്ത് ദിവസവും നാല് മണിക്കൂർ വീതമാണ് പരിശീലനം. ഇതു കൂടാതെ വ്യക്തിത്വ വികസനത്തിനുള്ള പരിശീലനം വേറെയും. സലിം കുട്ടിയെ കൂടാതെ മുൻ കേരള ബ്ലാസ് റ്റേഴ്‌സ് താരം അജിത്ത് ശിവനും ഇവർക്ക് പരിശീലനം നൽകുന്നുണ്ട്.