പെലെ കളമൊഴിഞ്ഞു.

സാവോപോളോ: Brazil Footballer Pele Died: ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്ന പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി പെലെ ആശുപത്രിയിലായിരുന്നു. വൻകുടലിലെ കാൻസറിനോട് മല്ലിട്ട് ഏറെനാളായി ചികിത്സയിലായിരുന്ന പെലെയെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. വ്യാഴാഴ്ച സാവോപോളോയിലെ ഐൻസ്റ്റീൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഇക്കഴിഞ്ഞ ‌ലോകകപ്പ് സമയത്ത് സാവോപോളോയിലെ ആശുപത്രിയിലായിരുന്ന പെലെയുടെ ആരോഗ്യപരമായ വിവരങ്ങൾ മകൾ കെലി നെസിമെന്റോയിലൂടെ കൃത്യമായി പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ അസുഖം മൂർച്ഛിച്ചതായി റിപ്പോർട്ടുകൾ വന്നത് ഫുട്ബോൾ ലോകത്തെ വലിയ നിരാശയിലാഴ്ത്തിയിരുന്നു. ഇതിനിടെയാണ്  ഇതിഹാസത്തിന്റെ മരണവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ മകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

1958 ലോകകപ്പ് ഫൈനലിൽ ഹാട്രിക്കോടെ 17-ാം വയസ്സിലാണ് പെലെ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. പിന്നീട് 1970ലെ ലോകം കണ്ട ഏറ്റവും മികച്ച ടീമിനെ നയിക്കാനുള്ള ചുമതലയും അദ്ദേഹം ഏറ്റെടുത്തു. ബ്രസീലിന്റെ സർവാധിപത്യമുള്ള കാലഘട്ടമായിരുന്നു അത്. ബ്രസീലിന്റെ സുവർണ്ണ തലമുറയിലെ അംഗമായിരുന്നു പെലെ. അദ്ദേഹത്തിന്റെ ടീമംഗങ്ങളിൽ നിൽട്ടൺ സാന്റോസ്, ദീദി, ഗാരിഞ്ച, ജെയ്‌സിഞ്ഞോ എന്നിവർ ഉൾപ്പെടുന്നു. അക്കാലത്തെ ഏറ്റവും മികച്ച താരങ്ങളായിരുന്നു അവരെല്ലാം.

പെലെ തന്റെ കരിയറിന്റെ ഭൂരിഭാഗവും ദേശീയ ലീഗിനേക്കാൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലാണ് ചെലവഴിച്ചത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഗോളുകൾ റിയോ-സാവോ പോളോ ടൂർണമെന്റ്, കോപ്പ ലിബർട്ടഡോർസ്, അന്താരാഷ്ട്ര മത്സരങ്ങൾ എന്നിവയിലുടനീളം വ്യാപിച്ചിരിക്കുന്നു. ബ്രസീലിന്റെ രണ്ട് ലോകകപ്പ് വിജയങ്ങളിലെ നിർണായക സാന്നിധ്യമായത് ഉൾപ്പെടെ, മറ്റൊരു കളിക്കാരനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് അദ്ദേഹം.

1958, 1962, 1970 വർഷങ്ങളിലായി പെലെ മൂന്ന് ലോകകപ്പുകൾ നേടി. ആദ്യ മത്സരത്തിൽ പരിക്കേറ്റതിനാൽ 1962 ലോകകപ്പിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം പരിമിതമായിരുന്നു. തുടർന്ന് അത്തവണത്തെ ലോകകപ്പിൽ പെലെയ്ക്ക് കളിയ്ക്കാൻ കഴിഞ്ഞതുമില്ല. 77 ഗോളുകൾ നേടിയ ബ്രസീൽ ഇതിഹാസം ടീമിന്റെ എക്കാലത്തെയും മികച്ച സ്‌കോറർമാരിൽ ഒരാളായി ഇപ്പോഴും തുടരുന്നു. ഖത്തർ ലോകകപ്പിൽ സൂപ്പർതാരം നെയ്‌മർ പെലെയുടെ ഈ റെക്കോർഡിന് ഒപ്പമെത്തും വരെ അഞ്ച് പതിറ്റാണ്ടോളം ആ സിംഹാസനത്തിൽ ഏകനായിരുന്നു പെലെ.